ന്യൂഡൽഹി: മേയ്-ജൂലൈ മാസങ്ങളിൽ എൻ നിനോ പ്രതിഭാസം പ്രതീക്ഷിക്കാമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) പ്രവചനം.
അന്തരീക്ഷ താപനില വർധിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഈ മൂന്ന് മാസ കാലയളവിനിടയിൽ ഉണ്ടാകുമെന്നും ഇതു മൂലം കാലവർഷത്തിന്റെ ചക്രത്തിൽ പ്രാദേശിക വ്യതിയാനങ്ങൾ ഉണ്ടായേക്കുമെന്നുമാണ് ലോക കാലാവസ്ഥാ സംഘടന പ്രവചിക്കുന്നത്.
ഡബ്ല്യുഎംഒയുടെ പ്രവചനം ശരിയാകുകയാണെങ്കിൽ സാധാരണയേക്കാൾ താഴെയായി ഈ വർഷം മഴ പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ മണ്‍സൂണ്‍ കാലം എൽ നിനോ പ്രതിഭാസം മൂലം വീണ്ടും ദുർബലമാകും.
പസിഫിക് സമുദ്രത്തിൽ രൂപംകൊള്ളുകയും ലോകമെന്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം സമുദ്രോപരിതലം അസാധാരണമായി ചൂട് പിടിക്കുന്നതിനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതാണ്.
ഒൻപതു മുതൽ 12 വരെ മാസം നീണ്ടുനിൽക്കുന്ന എൽ നിനോ പ്രതിഭാസം സാധാരണയായി രണ്ടുമുതൽ ഏഴുവരെ വർഷം ഇടവേളയിലാണ് ഉണ്ടാകുന്നത്. മേയ്-ജൂലൈ മാസങ്ങൾക്കിടയിലായിരിക്കും എൽ നിനോ ഉണ്ടാകുകയെങ്കിലും പ്രതിഭാസം ശക്തി പ്രാപിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരിക്കും ഇന്ത്യയിലെ മഴയിൽ വലിയ കുറവുണ്ടാകുക.
ഈ സമയത്തെ മഴയെ ആശ്രയിക്കുന്ന രാജ്യത്തെ കാർഷികവ്യവസ്ഥകൾ പ്രതിഭാസം മൂലം പ്രതികൂല സാഹചര്യങ്ങളനുഭവപ്പെടും. അതിനിടെ സാധാരണ എൽ നിനോ പ്രതിഭാസങ്ങളെക്കാൾ ആഘാതം കൂടിയ രൂപമായ
"സൂപ്പർ എൽ നിനോ’ പ്രതിഭാസം ഈ വർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ കഴിഞ്ഞ ആഴ്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകമെന്പാടും പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾക്കും അസാധാരണ കാലാവസ്ഥയ്ക്കും കാരണമാകുന്ന ഈ പ്രതിഭാസം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കടുത്ത വരൾച്ചയ്ക്കും വഴി തെളിയിച്ചേക്കാം.